Search !

Tuesday, September 21, 2010

വേണം, നല്‍കുന്ന പണത്തിനും മൈലേജ്‌

പോക്കറ്റിനൊത്തതാവണം. സൗകര്യങ്ങള്‍ കുറയരുത്. യാത്രാസുഖം പ്രധാനം. സുരക്ഷാഘടകങ്ങള്‍ അനിവാര്യം. എല്ലാത്തിനുമൊപ്പം ട്രെന്‍ഡിയുമാവണം-സ്വന്തം കാലില്‍ നില്‍ക്കാനായാല്‍ ഒരു കാര്‍ എന്നത് മലയാളിയുടെയും പ്രധാന പരിഗണനയായിരിക്കുന്നു. കാറിനായി ചെലവഴിക്കുന്ന പണത്തിന്റെ പരമാവധി മൂല്യം ലഭിക്കണമെങ്കില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏറെ.


ബജറ്റ്

സ്വാഭാവികമായും ആദ്യം ചെയ്യുക കാറിനായുള്ള ബജറ്റ് കണക്കാക്കുകയായിരിക്കും. വായ്പ എടുക്കുന്നുവെങ്കില്‍ 15-20 ശതമാനം ഡൗണ്‍ പേയ്‌മെന്റായി ആദ്യമേ കൊടുക്കേണ്ടിവരും. ഭവനവായ്പ ഉള്‍പ്പെടെ, എടുത്തിട്ടുള്ള എല്ലാ വായ്പകളുടേയും തിരിച്ചടവു തുക ചേര്‍ത്താല്‍, കൈയില്‍ കിട്ടുന്ന ശമ്പളത്തിന്റെ 40 ശതമാനമേ ആകാവൂ. അല്ലെങ്കില്‍ കുടുംബ ബജറ്റ് തകിടം മറിഞ്ഞേക്കും.

ലോണ്‍

വായ്പ എത്ര വര്‍ഷത്തേയ്ക്കാണ് എടുക്കുന്നതെന്നും തുക എത്രയെന്നും അടിസ്ഥാനമാക്കി ഏറ്റവും നിരക്കുകുറഞ്ഞ വായ്പ തിരഞ്ഞെടുക്കാം. സ്ഥിരപലിശയും ഫേ്‌ളാട്ടിങ് നിരക്കും ചേര്‍ത്തുള്ള പദ്ധതികളും ചില ബാങ്കുകള്‍ക്കുണ്ട്. ദീര്‍ഘകാല വായ്പയെക്കാള്‍ മൂന്നുമുതല്‍ അഞ്ചുവര്‍ഷം വരെയുള്ള വായ്പയാണു നല്ലത്.

ആവശ്യങ്ങള്‍ തിരിച്ചറിയുക

എത്ര രൂപ സ്വരുക്കൂട്ടാനാവുമോ അത്രയും തുക മുഴുവന്‍ ചെലവഴിക്കാവുന്ന കാര്‍ വാങ്ങണമെന്നില്ല. നഗരത്തിലാണു കൂടുതലായി യാത്ര ചെയ്യേണ്ടി വരികയെങ്കില്‍ ചെറു കാറാണ് ട്രാഫിക് കുരുക്കില്‍ യാത്രയ്ക്കും പാര്‍ക്കിങ്ങിനും സൗകര്യം. കുടുംബത്തോടൊപ്പം ദീര്‍ഘയാത്രകള്‍ വേണ്ടിവരുമെങ്കില്‍ കൂടുതല്‍ സ്ഥലമുള്ളതാവാം. സുരക്ഷിതത്വമാണ് പരിഗണനയെങ്കില്‍ പരമാവധി സുരക്ഷാ സംവിധാനങ്ങള്‍ തിരഞ്ഞെടുക്കുക.

ഇന്ധനക്ഷമത

ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ പരിശോധനയ്ക്കു ശേഷമാണ് ഇടത്തരം കാറുകളും ചെറു കാറുകളും നിരത്തിലെത്തുന്നത്. അവര്‍ വണ്ടികളുടെ ഇന്ധനക്ഷമത പരിശോധിച്ച് അവയുടെ ഫലം പുറത്തുവിടാറുണ്ട്. ഹൈവേയിലും മറ്റുമാവും പലപ്പോഴും ഈ പരീക്ഷണമെന്നതിനാല്‍ പരിമിതികളുണ്ടെങ്കിലും നിലവില്‍ മൈലേജിന്റെ താരതമ്യപഠനത്തിന് ഏറ്റവും സഹായിക്കുന്ന ഒന്നാണിത്.

ശരിയായ വില

കാറിന്റെ വിലയെന്നു പ്രസിദ്ധപ്പെടുത്തുന്നത് പലപ്പോഴും 'അവസാന വില' ആവണമെന്നില്ല. ഉത്സവവേളകളിലും മറ്റ് അവസരങ്ങളിലും ഡിസ്‌കൗണ്ടുകള്‍ പ്രഖ്യാപിക്കാറുണ്ട്. ആ ഡിസ്‌കൗണ്ട് കഴിച്ചുള്ള തുകയ്ക്ക് ഉപഭോക്താവിന് കാര്‍ നല്‍കാന്‍ ഡീലര്‍ക്ക് ആയേക്കും.

നല്ലനേരം

സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപകുതിയില്‍, ഏപ്രിലും സപ്തംബറും ഒഴിച്ച്, പൊതുവേ വില്പന കുറവായിരിക്കും. അവധിക്കാലവും മഴക്കാലവും വില്പന കുറയ്ക്കുന്നുവെന്നാണ് വിലയിരുത്തല്‍. അതേസമയം കാര്‍ നിര്‍മാതാക്കള്‍ക്കും ഡീലര്‍മാര്‍ക്കും തങ്ങളുടേതായ 'ടാര്‍ജറ്റ്' കൈവരിക്കേണ്ടിയും വരും. ഇത് കാര്‍വാങ്ങാന്‍ പറ്റിയ സമയമാണ്. മാസത്തിലെ അവസാന ആഴ്ചയിലും കാര്യം ഇങ്ങനെതന്നെ.

വാറന്റി

നിശ്ചിത തുകയടച്ചാല്‍ വാറന്റി കാലാവധി നീട്ടിക്കിട്ടുമെന്ന ഓഫര്‍ പലപ്പോഴുമുണ്ടാവും. പതിവ് വാറന്റി കാലാവധി കഴിഞ്ഞാല്‍ എന്തെല്ലാം കവര്‍ ചെയ്യുമെന്നറിയുക. സെയില്‍സ്മാന്‍ പറയുന്നതു കേട്ടാവരുത്, മറിച്ച് അതിന്റെ രേഖകള്‍ കൃത്യമായി വായിച്ചു മനസ്സിലാക്കി വേണം തീരുമാനമെടുക്കാന്‍.


ആക്‌സസറീസ്

ഫേ്‌ളാര്‍ മാറ്റ്, സീറ്റ് കവര്‍, സണ്‍ സ്‌ക്രീന്‍ ഫിലിം തുടങ്ങിയവ പിടിപ്പിക്കല്‍ സാധാരണ മിക്കവരും ഷോറൂമില്‍ തന്നെ ചെയ്യിക്കുകയാണു പതിവ്. പുറത്തുള്ള ഇത്തരം കേന്ദ്രങ്ങളില്‍ മിക്കപ്പോഴും ഷോറൂമുകളിലേതിനെക്കാള്‍ കുറഞ്ഞ നിരക്കില്‍ ഇവ ചെയ്തുകിട്ടുന്നതായി കാണുന്നു. രണ്ടിടത്തേയും നിരക്കു നോക്കിയ ശേഷം തീരുമാനമെടുക്കാം.

റീസെയില്‍ വാല്യൂ

കാഴ്ചയ്ക്കുള്ള ഭംഗിയും വൃത്തിയുമാവും പലപ്പോഴും യൂസ്ഡ് കാര്‍ വാങ്ങാനെത്തുന്നയാളെ ആദ്യം ആകര്‍ഷിക്കുക. സീറ്റും അപ്‌ഹോള്‍സറിയുമൊക്കെ വൃത്തിയായി സൂക്ഷിക്കുക.ചില മോഡലുകള്‍ക്ക് കൂടുതല്‍ വില കിട്ടും. വാങ്ങാനുദ്ദേശിക്കുന്ന കാറിന് യൂസ്ഡ് കാര്‍ വിപണിയില്‍ നിലവിലുള്ള വില അന്വേഷിക്കാം.മോഡിഫിക്കേഷനുകള്‍ നടത്താത്ത, യഥാര്‍ത്ഥ അവസ്ഥയിലുള്ള കാറിന് കൂടുതല്‍ ആവശ്യക്കാരെത്തും.

0 comments:

Post a Comment

 
Copyright Mallu Boss!!! All Rights Reserved
Powered by Alat Rekaman
ProSense theme created by Dosh Dosh and The Wrong Advices.
Blogerized by Bonard Alfin Forum Distorsi.