Search !

Tuesday, September 21, 2010

യമഹയുടെ വി മാക്‌സ്; വില 20 ലക്ഷം

എഫ്.സി, വൈ.സഡ്.എഫ് ആര്‍ 15 എന്നിവ വന്‍ ജനപ്രീതി നേടിയതിനു പിന്നാലെ മസില്‍ ബൈക്കായ വി മാക്‌സ് യമഹ ഇന്ത്യയില്‍ അവതരിപ്പിച്ചു. ജപ്പാനില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന വി മാക്‌സുകള്‍ തിരഞ്ഞെടുത്ത ഡീലര്‍മാര്‍ വഴി ഉപഭോക്താക്കള്‍ക്ക് ലഭിക്കും. കരുത്തുറ്റ പ്രകടനവും അതിവേഗ ആക്‌സിലറേഷനുമാണ് വി മാക്‌സിന്റെ മുഖമുദ്ര. 20 ലക്ഷമാണ് ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില.



യമഹ ഇന്ത്യയില്‍ എത്തിച്ച അന്താരാഷ് ട്ര വിപണിയിലെ മൂന്നാമത്തെ ബൈക്കാണ് വി മാക്‌സ്. അമേരിക്കയിലെ വമ്പന്‍ വി ഏയ്റ്റ് കാറുകളുടെ ഇരുചക്രരൂപമായാണ് വി മാക്‌സ് വിശേഷിപ്പിക്കപ്പെടുന്നത്. പ്രകടനത്തിലും ആക്‌സിലറേഷനിലും വി മാക്‌സ് ഇതിനകം ലോകശ്രദ്ധ നേടിക്കഴിഞ്ഞുവെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. 1679 സി.സി വി ഫോര്‍ എന്‍ജിനാണ് ബൈക്കിന് കരുത്ത് പകരുന്നത്. 200 ഹോഴ്‌സ്​പവര്‍ ശക്തിയും 166.8 എന്‍.എം ടോര്‍ക്കും എന്‍ജിന്‍ നല്‍കും. പരമാവധി വേഗത്തിലെത്താന്‍ വി മാക്‌സിന് 11 സെക്കന്റുകള്‍ മതി.

ലോക വിപണിയില്‍ എടുത്തു പറയത്തക്ക മത്സരം നേരിടാത്ത ബൈക്കാണ് വി മാക്‌സെന്ന് യമഹ അവകാശപ്പെടുന്നു. മത്സരിച്ച് വിജയിക്കാന്‍തക്ക ശേഷിയുള്ള ബൈക്കുകള്‍ അധികമൊന്നും ഇല്ലത്രെ. അതിനാല്‍ യമഹയുടെ മറ്റുമോഡലുകളെക്കാള്‍ ഉയര്‍ന്ന സ്ഥാനമാണ് ലോകമെങ്ങും വി മാക്‌സിനുള്ളത്. 2,395 എം.എം നീളവും, 820 എം.എം വീതിയും 1,190 എം.എം ഉയരവുമുണ്ട് വി മാക്‌സിന്. 140 എം.എം ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്. ഭാരം 310 കിലോഗ്രാം. 15 ലിറ്ററാണ് ഇന്ധന ടാങ്കിന്റെ ശേഷി. ഫോര്‍ സ്‌ട്രോക്, ഡി.ഒ.എച്ച്.സി, നാല് വാല്‍വ്, വി ടൈപ്പ് നാല് സിലിണ്ടര്‍ എന്‍ജിനാണ് വി മാക്‌സിലുള്ളത്.



യുവാക്കളെ ലക്ഷ്യംവച്ച് ഇന്ത്യയിലെത്തിച്ച മസില്‍ ബൈക്ക് വി മാക്‌സിന്റെ ബ്രാണ്ട് അംബാസഡര്‍ ബോളിവുഡ് താരം ജോണ്‍ എബ്രഹാമാണ്. ന്യൂഡല്‍ഹിയില്‍ നടന്ന വി മാക്‌സ് പുറത്തിറക്കിയ ചടങ്ങില്‍ ജോണ്‍ എബ്രഹാമും പങ്കെടുത്തിരുന്നു. ഇന്ത്യയിലെ യുവാക്കളുടെ ഹരമായി മാറിയ എഫ്.സി- 16, എഫ്.സി- എസ്, ഫെയ്‌സര്‍ എന്നിവയുടെ ലിമിറ്റഡ് എഡിഷന്‍ മോഡലുകളും ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ പുറത്തിറക്കി. പുതിയ നിറങ്ങളും വൈറ്റ് അലോയ് വീലുകളുമായാണ് ലിമിറ്റഡ് എഡിഷന്‍ മോഡലുകള്‍ എത്തുന്നത്. വിവിധ മോഡലുകള്‍ 3,000 എണ്ണംവീതം മാത്രം നിര്‍മ്മിയ്ക്കും. വിവിധ സ്‌പെഷ്യല്‍ എഡിഷന്‍ ബൈക്കുകളുടെ വില ഇവയാണ്: എഫ്.സി- 16: 66,500, എഫ്.സി- എസ്: 68,500, ഫെയ്‌സര്‍: 73,500 (എക്‌സ് ഷോറൂം ന്യൂഡല്‍ഹി).


0 comments:

Post a Comment

 
Copyright Mallu Boss!!! All Rights Reserved
Powered by Alat Rekaman
ProSense theme created by Dosh Dosh and The Wrong Advices.
Blogerized by Bonard Alfin Forum Distorsi.