Search !

Tuesday, September 21, 2010

യമഹയുടെ വിലകുറഞ്ഞ ബൈക്ക്: വൈ.ബി.ആര്‍

ജപ്പാന്‍ വാഹന നിര്‍മ്മാതാവായ യമഹ വിലകുറഞ്ഞ മോട്ടോര്‍ബൈക്ക് വൈ.ബി.ആര്‍ 110 ഇന്ത്യയില്‍ അവതരിപ്പിച്ചു. വിപണിയിലെ യമഹ ബൈക്കുകളായ എഫ്‌സീ എസ്, വി മാക്‌സ്, ഗ്ലാഡിയേറ്റര്‍ എന്നിവയ്‌ക്കൊപ്പമല്ല ബൈ.ബി.ആറിന്റെ സ്ഥാനം. ക്രക്‌സ്, ആല്‍ബ, ജി ഫൈവ് എന്നിവയാണ് വിപണിയില്‍ വൈ.ബി.ആറിന്റെ കൂട്ടുകാര്‍. സ്റ്റൈലിഷ് ബൈക്കുകള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇതിനെ ശ്രദ്ധിക്കേണ്ടതില്ല. ദൈനംദിന യാത്രയ്ക്ക് കുറഞ്ഞ വിലയും ഇന്ധനക്ഷമതയും ഈടുനില്‍പ്പും മികച്ച പ്രകടനവും പ്രതീക്ഷിക്കുന്നവര്‍ക്ക് വൈ.ബി.ആര്‍ തിരഞ്ഞെടുക്കാം. വി മാക്‌സിനൊപ്പം വരില്ലെങ്കിലും കാഴ്ചയില്‍ സ്റ്റൈലന്‍ തന്നെയാണ് ഈ നാലുസ്‌ട്രോക്ക് ബൈക്ക്.

106 സി.സി നാലുസ്‌ട്രോക്ക് എന്‍ജിനും നാലു സ്​പീഡ് ഗിയര്‍ബോക്‌സുമായാണ് വൈ.ബി.ആര്‍ 110 എത്തുന്നത്. 41.000 ആണ് ന്യൂഡല്‍ഹിയിലെ എക്‌സ്‌ഷോറൂം വില. നിലവിലുള്ള യമഹയുടെ എന്‍ട്രിലെവല്‍ ബൈക്ക് ആല്‍ബയുടെ നവീകരിച്ച രൂപമായി ഇതിനെ കാണാം. കൂടുതല്‍ ആകര്‍ഷകമായ മള്‍ട്ടി റിഫ്ലക്ടര്‍ ഹെഡ്‌ലൈറ്റ്, പുതിയ ഗ്രാഫിക്‌സ്, സ്‌പോര്‍ട്ടി ലുക്കിങ് ഗ്രാബ് റെയ്ല്‍സ് എന്നിവയാണ് ബൈക്കിന്റെ സവിശേഷതകള്‍. ബ്ലാക്ക്, റെഡ്, ബ്ലാക്ക് ആന്‍ഡ് റെഡ് എന്നീ മുന്നു നിറങ്ങളില്‍ വൈ.ബി.ആര്‍ തിരഞ്ഞെടുക്കാം.

ഇലക്ട്രിക്ക് സ്റ്റാര്‍ട്ടുള്ള എയര്‍കൂള്‍ഡ് നാലുസ്‌ട്രോക്ക് എസ്.ഒ.എച്ച്.സി എന്‍ജിനാണ് വൈ.ബി.ആറിന് കരുത്ത് പകരുന്നത്. 7.6 പി.എസ് ശക്തിയും 7.85 എന്‍.എം ടോര്‍ക്കും ഈ എന്‍ജിന്‍ നല്‍കും. സെഗ്മെന്റിലെ മറ്റു ബൈക്കുകളോട് പിടിച്ചുനില്‍ക്കാന്‍ തക്കതാണ് എന്‍ജിന്റെ കരുത്തും പ്രകടനവും. തിരക്കേറിയ സ്ഥലങ്ങളില്‍ അടിക്കടി ഗിയര്‍മാറ്റാതെ സ്വസ്ഥമായി സഞ്ചരിക്കാവുന്ന ബൈക്കാണിതെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. 13 ലിറ്ററാണ് ഇന്ധന ടാങ്കിന്റെ ശേഷി.

പ്രീമിയം സെഗ്മെന്റിനു പുറമെ എന്‍ട്രി ലെവല്‍ വിഭാഗത്തില്‍ വിലകുറഞ്ഞ ബൈക്കുകള്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് വൈ.ബി.ആറിന്റെ വരവ്. ബജാജിന്റെ വിലകുറഞ്ഞ കുട്ടി പള്‍സറിന് വിലണിയില്‍നിന്ന് വന്‍ പ്രതികരണം ലഭിച്ചിരുന്നു. സുസുക്കി പഴയ മാക്‌സ് 100 നാലു സ്‌ട്രോക്ക് എന്‍ജിനുമായി വീണ്ടും അവതരിപ്പിക്കുമെന്ന് സൂചനയുണ്ട്. യമഹയുടെ ആര്‍.എക്‌സ് 100 ഇന്ധനക്ഷമതയോടെ തിരിച്ചെത്തുന്നുവെന്നും വാര്‍ത്തയുണ്ട്. ഉത്തര്‍പ്രദേശിലെ സൂരജ്പൂര്‍ ഹരിയാനയിലെ ഫരീദാബാദ് എന്നിവിടങ്ങളിലെ പ്ലാന്റുകളിലാണ് യമഹ ഇന്ത്യ മോട്ടോര്‍ ബൈക്കുകള്‍ നിര്‍മ്മിക്കുന്നത്.

0 comments:

Post a Comment

 
Copyright Mallu Boss!!! All Rights Reserved
Powered by Alat Rekaman
ProSense theme created by Dosh Dosh and The Wrong Advices.
Blogerized by Bonard Alfin Forum Distorsi.